ആലപ്പുഴ: ആർദ്രം മിഷനും തുറവൂർ താലൂക്ക് ആശുപത്രിയും ചേർന്ന് പട്ടണക്കാട് നടത്തിയ ലൈഫ് മിഷൻ ഗുണഭോക്ത സംഗമ വേദിയിലെ ആർദ്രം പ്രദർശന സ്റ്റാൾ ശ്രദ്ധേയമായി. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പ്രദർശനവും അതിന് പകരം എന്ന നിലയിൽ പേപ്പർ ഉത്പന്നങ്ങൾ, ഇല, സ്റ്റീൽ, കുപ്പി ഉത്പന്നങ്ങൾ, ചിരട്ട, പാള ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനമായിരുന്നു സ്റ്റാളിൽ ഒരുക്കിയിരുന്നത്. കൂടാതെ പഴമയുടെ അടയാളങ്ങളായ അടുക്കള ഉപകരണങ്ങളായിരുന്ന അമ്മിക്കല്ല്, ആട്ടുകല്ല് തുടങ്ങിയവയും പ്രദർശന നഗരിയിൽ ഉണ്ടായിരുന്നു.
ജനുവരി 19 ന് നടക്കുന്ന പൾസ് പോളിയോ വാക്സിനേഷൻ കുഞ്ഞുങ്ങളുടെ അവകാശമാണെന്ന ബോധവത്കരണവും സ്റ്റാളിൽ ഉൾപ്പെടുത്തിയിരുന്നു. ആർദ്രത്തിന്റെ രോഗനിർണയ ക്യാമ്പിൽ ആളുകളുടെ തിരക്കായിരുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, മെറ്റബോളിസം, ബോൺമാസ്, മസിൽ മാസ് എന്നിവയെക്കുറിച്ച് അറിയാനും അവബോധം ജനങ്ങളിലേക്കെത്തിക്കാനും തുറവൂർ താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിൻറെ സേവനവും ഇവിടെ ഒരുക്കിയിരുന്നു. ജീവിത ശൈലി രോഗ നിര്‍ണ്ണയ പരിപാടികളും കുടുംബ സംഗമത്തിൽ ഒരുക്കിയ ആര്‍ദ്രം സ്റ്റാളില്‍ സജ്ജമാക്കിയിരുന്നു.