മട്ടുപ്പാവിലെ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കോഴിക്കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് സ്ഥലപരിമിതിയുടെ തടസമില്ലാതെ കോഴി വളർത്താനുള്ള സാഹചര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. മട്ടുപ്പാവുകൃഷി എന്ന നൂതന ആശയവുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ. വെറുതെ കിടക്കുന്ന മട്ടുപ്പാവിൽ കോഴിവളർത്തലിന്റെ സാധ്യത മനസ്സിലാക്കിയാണ് പഞ്ചായത്ത് ഗ്രാമവാസികൾക്കായി ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഡി. ധനീപ് പറഞ്ഞു.
5,000 രൂപ ഉപഭോക്തൃവിഹിതവും 5,000 രൂപ പഞ്ചായത്ത് സബ്സിഡിയും എന്ന നിലയിലാണ് പദ്ധതി. കോഴിവളർത്തലിനായി മുന്നോട്ടു വരുന്നവർക്ക് 10 വീതം ബിവി 380 ഇനത്തിലുള്ളതും വർഷത്തിൽ 300 മുട്ടകൾ നൽകുന്നതുമായ 4 മാസം പ്രായമായ മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുക. 5 കോഴികളെ ഉൾക്കൊള്ളുന്ന ആധുനിക രീതിയിലുള്ള രണ്ട് തട്ടുകളുള്ള കൂടും നൽകും. ഇതിൽ മുട്ടകൾ ശേഖരിക്കാനും കോഴികൾക്ക് വെള്ളം കൊടുക്കാനുമുള്ള സംവിധാനമായ ഹൈ ഡെൻസിറ്റി ഫ്രയിമുമുണ്ടാകും.
കർഷകർക്ക് മുട്ടക്കോഴികളെ നൽകി പഞ്ചായത്ത് മെമ്പർ യു. എം. ഫാരിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാർ, വെറ്റിനറി ഡോക്ടർ റിനു, മറ്റ് കർഷകർ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടമെന്ന നിലയിൽ 38 പേർക്കാണ് പദ്ധതിയിലൂടെ മുട്ടക്കോഴികളെയും കൂടും നൽകുക. കൂടുതൽ കർഷകരിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.