മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ മെയ് 23 മുതൽ ആരംഭിക്കും

featured GCC News

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 മെയ് 23 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2022 മെയ് 23 മുതൽ മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

80 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ആയിരത്തോളം പ്രസാധകർ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ൽ പങ്കെടുക്കുന്നതാണ്. ഈ മേളയുടെ ഭാഗമായി നാനൂറോളം പ്രത്യേക പരിപാടികൾ അരങ്ങേറുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ മുതലായവർ പങ്കെടുക്കുന്നതാണ്.

മേളയുടെ ഭാഗമായി പ്രത്യേക സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ, കാവ്യസന്ധ്യകൾ, മറ്റു സാംസ്‌കാരിക പരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്. മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിലെ മുഖ്യാതിഥിയായി ജർമനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.