44-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2025 നവംബർ 5, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
افتتاح الدورة الـ44 من معرض الشارقة الدولي للكتاب
— HH Sheikh Dr. Sultan (@HHShkDrSultan) November 5, 2025
Inaugurating the 44th Sharjah International Book Fair pic.twitter.com/89hGuj71NC
ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് SIBF 2025 ഉദ്ഘാടനം ചെയ്തത്.

ഷാർജ കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്‌ഖ ബദൗർ ബിൻത് സുൽത്താൻ അൽ ഖാസിമി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗ്രീസാണ് ഇത്തവണത്തെ ഷാർജ പുസ്തകമേളയിലെ വിശിഷ്ടാതിഥി. മേള ഉദ്ഘാടനം ചെയ്ത് കൊണ്ട് ഷാർജ ഭരണാധികാരി അതിഥികളെയും, ഗ്രീസിൽ നിന്നുള്ള പ്രതിനിധിസംഘത്തെയും സ്വാഗതം ചെയ്തു.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2025 നവംബർ 5 മുതൽ നവംബർ 16 വരെ നീണ്ട് നിൽക്കുന്നതാണ്. 66 രാജ്യങ്ങളിൽ നിന്നുള്ള 250 എഴുത്തുകാർ മേളയിൽ പങ്കെടുക്കും.
ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 2350-ൽ പരം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. ‘നിങ്ങൾക്കും ഒരു പുസ്തകത്തിനുമിടയിൽ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഷാർജ പുസ്തകമേളയുടെ ഭാഗമായി 1200-ലധികം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് താഴെ പറയുന്ന സമയക്രമം പാലിച്ചാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- ഞായർ മുതൽ ബുധൻ വരെ – 10:00 – 22:00.
- വ്യാഴം, ശനി – 10:00 – 23:00.
- വെള്ളി – 16:00 – 23:00
WAM [Cover Image: @HHShkDrSultan.]

