ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നാലാം ഘട്ടം 2026 ജനുവരി 1-ന് ആരംഭിക്കും

featured Oman

ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1-ന് പ്രാബല്യത്തിൽ വരുന്നതാണ്. ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദേശീയ തലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം നിരോധിച്ച തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും, സുസ്ഥിരതയിലൂന്നിയുള്ള ജീവിത ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘2024/8’ എന്ന ഔദ്യോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

നിരോധനത്തിന്റെ നാലാം ഘട്ടത്തിൽ താഴെ പറയുന്ന വാണിജ്യ മേഖലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്:

  • ഈന്തപ്പഴ കച്ചവടക്കാർ.
  • കുടിവെള്ളം, വാട്ടർ പമ്പ് എന്നിവ വിൽക്കുന്നവർ.
  • വാഹനങ്ങളുടെ പമ്പ് വിൽപ്പന, റിപ്പയർ ഷോപ്പുകൾ.
  • ആധുനിക ജലസേചന സംവിധാനങ്ങളുടെ ചില്ലറവിൽപ്പനശാലകൾ.
  • സസ്യത്തൈകൾ വിൽക്കുന്ന ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്നവർ.
  • പക്ഷികൾ, മത്സ്യങ്ങൾ മുതലായവയെ വളർത്തുന്നതിനായി വിൽക്കുന്ന ഷോപ്പുകൾ, ഇതുമായി ബന്ധപ്പെട്ട ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പനശാലകൾ.
  • കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട വില്പനശാലകൾ.
  • കന്നുകാലിത്തീറ്റ, ധാന്യങ്ങൾ, കീടനാശിനികൾ, കാർഷിക മേഖലയിലെ മറ്റു രാസവസ്തുക്കൾ തുടങ്ങിയവയുടെ വില്പനശാലകൾ.
  • ഐസ്ക്രീം, കോൺ, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെ വില്പനശാലകൾ, കപ്പലണ്ടി, നിലക്കടല, മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ വിൽക്കുന്ന കടകൾ.
  • ജ്യൂസ് കടകൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ വില്പനശാലകൾ.
  • മില്ലുകൾ, തേൻ വില്പനശാലകൾ.

ഇതോടെ 2026 ജനുവരി 1 മുതൽ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലും, മേഖലകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതാണ്. ഇവയ്ക്ക് പകരം തുണിസഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ബാഗുകൾ ഉപയോഗിക്കേണ്ടി വരുന്നതാണ്.

ഈ തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1-ന് നടപ്പിലാക്കിയിരുന്നു. പഴം, പച്ചക്കറി കടകൾ, പാക്കേജിങ് യൂണിറ്റുകൾ, ഗ്രോസറി സ്റ്റോറുകൾ, മിഠായി ഫാക്ടറികൾ, മധുരപലഹാര വില്പനശാലകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ, ബ്രെഡ്, പേസ്ട്രി, മറ്റു മധുരപലഹാരക്കച്ചവട ഔട്ട്ലെറ്റുകൾ തുടങ്ങിയ ഇടങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചത്.