യു എ ഇ: ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടത്തും

featured GCC News

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2022 ഒക്ടോബർ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഒക്ടോബർ 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/DXBMediaOffice/status/1582629641055252480

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ആറാമത് പതിപ്പ് 2022 ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് സംഘടിപ്പിക്കുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്.

Source: Dubai Media Office.

ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി 30 ദിവസം ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ദുബായ് നിവാസികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കുമായി ദുബായ് റൺ, ദുബായ് റൈഡ് എന്നിവ ഉൾപ്പെടെയുള്ള വിവിധ ഫിറ്റ്‌നസ് ഇവന്റുകൾ ദുബായ് നഗരത്തിൽ എല്ലാ വർഷവും സൗജന്യമായി നടത്തിവരുന്നു.

ഇത്തവണത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് 2022 നവംബർ 6-ന് സംഘടിപ്പിക്കുന്നതാണ്.

ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.