എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 25, വ്യാഴാഴ്ച്ച ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ചു.
ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി ചെയർമാൻ അബ്ദല്ലഹ് സുൽത്താൻ അൽ ഒവൈസ്, ഷാർജ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സേലം അലി സേലം അൽ മുഹൈരി, ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് സേലം ബിൻ മുഹമ്മദ് ബിൻ സേലം അൽ ഖാസിമി, ഷാർജ ചേംബർ സെക്കന്റ് വൈസ് ചെയർമാൻ വലീദ് അബ്ദുൽ റഹ്മാൻ ബുഖാതിർ തുടങ്ങിയവർ എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഷാർജയിലെ പ്രധാനപ്പെട്ട ഒരു വാണിജ്യ, സാംസ്‌കാരിക, സാമൂഹിക മേളയാണ് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ.
ഇത്തവണത്തെ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 28 വരെ നീണ്ട് നിൽക്കും. ഷാർജയിൽ നിന്നും, യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നുമായി നിരവധി ഈന്തപ്പന കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്.
ഇവർക്ക് പുറമെ ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ, വ്യവസായികൾ, ഈന്തപ്പനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുടുംബങ്ങൾ, ഇന്തപ്പനകൃഷിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.
ഈ മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈത്തപ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. വിപണനത്തിനും ബിസിനസ്സ് ഇടപാടുകൾക്കുമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ മേളയിൽ പ്രാദേശിക കർഷകർക്കായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈന്തപ്പനകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും വാണിജ്യ ഇനങ്ങൾ വിപുലീകരിക്കുന്നതിനും ഈന്തപ്പന ഫാം ഉടമകളെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
WAM