ഷാർജ: എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25-ന് ആരംഭിക്കും

featured GCC News

എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ 2024 ജൂലൈ 25, വ്യാഴാഴ്ച്ച ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തവണത്തെ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25 മുതൽ ജൂലൈ 28 വരെയാണ്.

ഷാർജയിൽ നിന്നും, യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നുമായി നിരവധി ഈന്തപ്പന കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ഈ മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ മേളയുടെ ഭാഗമായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ, ഈന്തപ്പന കർഷകർ എന്നിവർ മത്സരങ്ങളുടെ ഭാഗമായി ഈ വർഷത്തെ വിളവിൽ നിന്നുള്ള വിവിധ തരം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നതാണ്.

ഇതോടൊപ്പം മറ്റു വാണിജ്യ ഉത്പന്നങ്ങളുടെ മേള, നാടോടികലാരൂപങ്ങളുടെ പ്രദർശനങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.