ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഒക്ടോബർ 12-ന് ആരംഭിക്കും

GCC News

ദുബായ് സഫാരി പാർക്കിന്റെ എട്ടാമത് സീസൺ 2026 ഒക്ടോബർ 12-ന് ആരംഭിക്കും. 2026 ഒക്ടോബർ 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

‘ലിവ് മോർ വൈൽഡ് ലൈഫ്’ എന്ന ആശയത്തിലൂന്നിയാണ് ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒരുക്കുന്നത്.

വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിനൊപ്പം സന്ദർശകരെ മൃഗങ്ങളുമായും പ്രകൃതിയുമായും കൂടുതൽ അടുപ്പിക്കുന്നതിനും ഇതിലൂടെ മുൻഗണന നൽകുന്നു. മൃഗങ്ങളുടെ ക്ഷേമവും സംരക്ഷണവും കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസപരമായ അനുഭവങ്ങളും വിനോദവും സമന്വയിപ്പിച്ചുള്ളതാണ് ഈ ആശയം.

സീസൺ എട്ട് ആരംഭിക്കുന്നതിന്റെ ഭാഗമായി വന്യജീവി അനുഭവങ്ങൾ, വിവിധ പ്രവർത്തനങ്ങൾ, വിനോദം എന്നിവ ഉൾക്കൊള്ളിച്ചുള്ള ഒരാഴ്ച നീളുന്ന ഉദ്ഘാടന ആഘോഷങ്ങൾ അരങ്ങേറുന്നതാണ്. 2026 ഒക്ടോബർ 12 മുതൽ 18 വരെ നീളുന്ന ‘വൈൽഡസ്റ്റ് ഓപ്പണിംഗ് വീക്ക്’ എന്ന ഈ ആഘോഷങ്ങൾ സ്കൂളുകളുടെ മിഡ്-ടേം അവധിക്കാലത്തോട് ചേർന്നാണ് നടക്കുന്നത്.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സർഗ്ഗാത്മക ശിൽപശാലകൾ, ഫോട്ടോഗ്രാഫി അവസരങ്ങൾ, കലാ-കരകൗശല പ്രവർത്തനങ്ങൾ, വിവിധ കളികൾ, വ്യക്തിഗത സ്മരണികകൾ തയ്യാറാക്കാനുള്ള അവസരം എന്നിവയുൾപ്പെടെയുള്ള വിപുലമായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് നേരിട്ടുള്ള പ്രവർത്തനങ്ങളിലൂടെ വന്യജീവികളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്ന ‘ലിറ്റിൽ എക്സ്‌പ്ലോറേഴ്‌സ് ബേസ് ക്യാമ്പ്’ എന്ന പരിപാടി ഇതിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. സഫാരി-തീം അടിസ്ഥാനമാക്കിയുള്ള ഫേസ് പെയിന്റിംഗ്, കളിമൺ ശിൽപ്പനിർമ്മാണം, കരകൗശല പ്രവർത്തനങ്ങൾ, പുൽത്തകിടിയിലെ കളികൾ, സഫാരി-തീം ഇൻഫ്ലേറ്റബിളുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കുന്നതാണ്.

ദുബായിയുടെ ഹൃദയഭാഗത്ത് 119 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ, 300 ഇനങ്ങളിലായി 3,000-ത്തിലധികം മൃഗങ്ങൾ വസിക്കുന്നുണ്ട്.