ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യു എ ഇയിലേക്കുള്ള യാത്രകൾ ഉടൻതന്നെ ആരംഭിക്കാനാകുമെന്ന് ഇന്ത്യൻ അംബാസഡർ

GCC News

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഏതാനം ദിനങ്ങൾക്കുള്ളിൽ തന്നെ യു എ ഇയിലേക്കുള്ള യാത്രകൾക്ക് അനുവാദം ലഭിക്കുമെന്നും, ഇത്തരം യാത്രകൾക്കുള്ള സാങ്കേതിക പ്രതിബന്ധങ്ങൾ ഉടൻ തന്നെ നീങ്ങുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കപൂർ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഇത് സംബന്ധിച്ച പ്രത്യേക തീരുമാനം കൈക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി.

വിസകളുമായും, യാത്രാസംബന്ധമായുമുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന് ഇന്ത്യൻ ആഭ്യന്തരകാര്യ മന്ത്രാലയം (MHA) തീരുമാനിച്ചതിനെത്തുടർന്നാണ് യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

“MHA ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തതായാണ് അറിയാൻ കഴിയുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗികമായ അറിയിപ്പിനായി കാത്തിരിക്കുകയാണ്, അടുത്ത ഏതാനം ദിനങ്ങൾക്കുള്ളിൽ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്.”, അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇത് സംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്താൽ മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു.