ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 19, ബുധനാഴ്ച്ച പ്രഖ്യാപിച്ചു. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-ൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യതി നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകിത്തുടങ്ങിയതായും ENEC കൂട്ടിച്ചേർത്തു.
സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാ എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ENEC ഓഗസ്റ്റ് 1-നു അറിയിച്ചിരുന്നു. തുടർന്ന് സാങ്കേതിക വിദഗ്ദ്ധരുടെ സംഘം യൂണിറ്റ് 1-ലെ പ്രവർത്തനങ്ങളിൽ സമഗ്രമായ പരിശോധനകൾ നടത്തുകയും, ജനറേറ്ററിൽ നിന്നുള്ള വൈദ്യതിയുടെ അളവ് പടിപടിയായി ഉയർത്തികൊണ്ട് വരികയും ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുകയായിരുന്നു.
ബേസ് ലോഡ് വൈദ്യതി ഉത്പാദനം കൈവരിച്ചതോടെ, ബറാഖ ആണവോർജ്ജനിലയത്തിൽ ഉത്പാദിപ്പിക്കുന്ന ആദ്യ മെഗാവാട്ട് വൈദ്യുതി രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി, യൂണിറ്റ് 1-ലെ ജനറേറ്ററിന്റെ പ്രവർത്തനം, യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി യോജിക്കും വണ്ണം സംയോജിപ്പിക്കുകയും, ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു. സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതിനും, രാജ്യത്തെ അടുത്ത 60 വർഷത്തെ വൈദ്യുതി ലഭ്യത നേടുന്നതിനുമുള്ള യു എ ഇ പദ്ധതിയിലെ നാഴികക്കല്ലാണ് ബറാഖ ആണവോർജ്ജനിലയം.
“യൂണിറ്റ് 1-ലെ ജനറേറ്റർ രാജ്യത്തെ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചതോടെ, ഏറ്റവും ഉയർന്ന അന്തരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്ത ഈ പദ്ധതിയെ സംബന്ധിച്ച് ഒരു പുതുയുഗം ആരംഭിക്കുകയാണ്.”, പ്രഖ്യാപന വേളയിൽ ENEC CEO മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി വ്യക്തമാക്കി. “ബറാഖയിലെ ബാക്കിയുള്ള മൂന്ന് യൂണിറ്റുകളുടെ പ്രവർത്തനം ഉടൻ തന്നെ പൂർത്തിയാകുമെന്നും, വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യതിയുടെ ഉത്പാദനം കൈവരിക്കാനാകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സാങ്കേതിക വിദ്യകളിലും, സാങ്കേതിക പ്രവർത്തകരിലും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. യു എ ഇയുടെ അടുത്ത 60 വർഷത്തേക്ക് ആവശ്യമായ 25 ശതമാനം വൈദ്യുതിയുടെ ഉത്പാദനം ഈ പദ്ധതിയിലൂടെ നേടാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ന്റെ നിർമ്മാണം പൂർത്തിയായതായും, മറ്റു രണ്ട് യൂണിറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ENEC അടുത്തിടെ അറിയിച്ചിരുന്നു.
Cover Photo: ENEC