യു എ ഇ: ബറാഖ ആണവോർജ്ജനിലയം പ്രവർത്തനമാരംഭിച്ചു

UAE

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു. നവാ എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

ബറാഖ ആണവനിലയം പ്രവർത്തനമാരംഭിച്ച വിവരം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിലൂടെ പങ്കുവെച്ചു. സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതിനും, രാജ്യത്തെ അടുത്ത 60 വർഷത്തെ വൈദ്യുതി ലഭ്യത ഇതിലൂടെ നേടുന്നതിനുമുള്ള യു എ ഇ പദ്ധതിയിലെ നാഴികക്കല്ലാണ് ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ആരംഭം. ഇതോടെ സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറി.

ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ, ഈ ആണവ റിയാക്ടറിൽ നിന്ന് താപോർജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയയ്ക്ക് തുടക്കമാകുകയും, അതിലൂടെ ജലം നീരാവിയാക്കി, നീരാവിയുടെ സഹായത്തോടെ വൈദ്യുതി ഉത്പാദനത്തിനുള്ള ടർബൈനിന്റെ പ്രവർത്തനങ്ങൾ നടപ്പിലാകുകയും ചെയ്യുന്നതാണ്.

മാസങ്ങൾ നീണ്ടു നിന്ന് പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ ബറാഖ ആണവനിലയത്തിലെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ബറാഖ ആണവനിലയത്തിലെ ആദ്യ യൂണിറ്റിൽ നിന്ന് രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് ഇലക്ട്രിസിറ്റി നൽകിത്തുടങ്ങുന്നതാണ്.