ഔദാര്യമല്ല, സംരക്ഷണമാണ്!

Editorial
ഔദാര്യമല്ല, സംരക്ഷണമാണ് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പെൻഷൻ തുക കൈപ്പറ്റുന്നവരോടുള്ള അസൂയകലർന്ന അമർഷമായി ഈ എഴുത്തിനെ കാണേണ്ടതില്ല; മറിച്ച് ആയകാലത്ത് അദ്ധ്വാനിച്ച് കുടുംബം പോറ്റിയിരുന്നവർക്ക്, വാർധക്യത്തിൽ ഒരു ചെറു സഹായം നൽകുന്നതിനെ കുറിച്ചുള്ള ഒരു ആശയം മുന്നോട്ടുവെക്കുന്നു എന്ന് മാത്രം.

പലപ്പോഴും പെൻഷൻ വിതരണത്തെ, സർക്കാർ സംവിധാനങ്ങൾ നൽകിവരുന്ന ഔദാര്യപൂർണ്ണമായ ഒരു കാര്യമായിട്ടാണ് അവതരിപ്പിച്ച് കാണാറുള്ളത്. എന്നാൽ ഓരോ കാലയളവിലും മാറി മാറി വരുന്ന സർക്കാരുകളുടെ കീഴിൽ തൊഴിലെടുത്തതിൽ നിന്നും, വരുമാനത്തിൽ ഒരു പങ്ക് സർക്കാരിലേക്ക് തിരിച്ചടച്ചുകൊണ്ടും, വാങ്ങുന്ന ഓരോ സാധനങ്ങൾക്കും വില്പ്പന നികുതിയും, സേവന നികുതിയും, സെസ്സും എല്ലാം ഏതൊരു സാധാരണക്കാരനെപോലെയും അടച്ചുകൊണ്ടും, വാർദ്ധക്യത്തിന്റെ നിഴൽവീഴുമ്പോൾ ശേഷിച്ച കാലമത്രയും കഴിയാനുള്ള തുക പെൻഷൻ എന്ന രൂപത്തിൽ സർക്കാരുദ്യോഗസ്ഥർ കൈപ്പറ്റുന്നു. പലപ്പോഴും സാധാരണക്കാരിലേക്കും പെൻഷൻ എത്തിക്കുക എന്ന ആശയം മുളയിലേ നുള്ളിയെറിയുന്നതിലെ രാഷ്ട്രീയം, സർക്കാരുകൾ നടപ്പിലാക്കുന്നത്, ഈ സർക്കാർ പെൻഷൻ മുൻ നിർത്തിയുള്ള അടവുനയങ്ങൾ കൊണ്ടാണ്. സാധാരണക്കാർക്കില്ലാത്ത പെൻഷൻ സർക്കാരുദ്യോഗസ്ഥർക്കും വേണ്ടകാര്യമില്ലെന്ന വാദത്തിൽ തുടങ്ങി കുറച്ച് ശബ്ദങ്ങളുണ്ടാക്കിയ ശേഷം, ഇത്തരം ആശയം അടുത്ത ഇലക്ഷൻ സമയം വരെ വെളിച്ചം കാണാതിരിക്കുന്നു. എല്ലാവർക്കും പെൻഷൻ കൊടുക്കാമെന്ന ഈ ആശയം എങ്ങിനെ നടപ്പിലാകും? യുക്തിബോധത്തോടെ ചിന്തിച്ചുകൂടെ? എന്നൊക്കെ പതിവ് രീതിയിൽ നമ്മുടെ മനസ്സിലേയ്ക്ക് വരുന്നെങ്കിൽ അത് തന്നെയാണ് കാലാ കാലങ്ങളായി രാഷ്ട്രീയ നെടുംതൂണുകൾ നമുക്ക് മുൻപിൽ വിഘാതമായി നിൽക്കാനുള്ള കാരണവും.

ജനാധിപത്യ പ്രക്രിയയിൽ ഏറ്റവും ശക്തവും, എന്നാൽ ഏറ്റവും ശിഥിലവുമായ ഒരു ഘടകം ജനങ്ങളാണ്. ഇലക്ഷൻ സമയങ്ങളിൽ നിർണ്ണായക പങ്കുള്ള ജനം, അതിനു ശേഷം കേൾവിക്കാരും, ചർച്ചാവലംബികളും, നിഷ്ക്രിയരും, അടുത്ത ഇലക്ഷൻ വരെ കാത്തിരിക്കുന്ന കേവലം നിരുപദ്രവകാരിയായ ശിഥിലമായ ഒരു ഘടകവുമായി കാണപ്പെടുന്നു. ഓരോ പഞ്ചായത്ത് അല്ലെങ്കിൽ വാർഡ് അടിസ്ഥാനത്തിൽ, നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള തുകകൾ വിനിയോഗിക്കപ്പെടുന്നതിലെ വീഴ്ച്ചകൾ ചോദ്യം ചെയ്യുവാൻ മടിക്കുന്ന പൊതുജനം, രാജ്യ വിഷയങ്ങളിലും, അന്താരാഷ്‌ട്ര കുത്തകകൾക്കെതിരെ വാക്ക്പോരിലും, ചുവരെഴുത്തിലും സമയം കളയുന്നതാണ് പലപ്പോഴും കാണുന്നത്. എന്നാൽ, നമ്മുടെ ശ്രമവും, ശ്രദ്ധയും അതിൽ നിന്നും മാറി സൂക്ഷ്മമായി നമ്മുടെ സാമ്പത്തിക സംവിധാനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. തൊഴിലെടുത്ത് കുടുംബം പോറ്റുന്ന ഒരു ശരാശരിക്കാരന് പെട്ടന്നെന്തെങ്കിലും അപകടം സംഭവിച്ചാൽ, നിശ്ചലമായി പോകുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ചലനങ്ങളുമാണ്. 70% പേരിലും നീക്കിയിരുപ്പുകളില്ല, പകരം ജീവിച്ചുപോകുന്നു എന്നേ ഉള്ളു, ഈ യാഥാർഥ്യം നമുക്കെല്ലാം അറിയാം പക്ഷേ എന്തൊക്കെയോ കാരണങ്ങൾകൊണ്ട് ഇതെല്ലാം ഇങ്ങനെത്തന്നെ മതി എന്ന നിഷ്ക്രിയ ചിന്തയിലേക്ക് നാം എത്തിച്ചേരുന്നു എന്ന് മാത്രം.

നാലാളുള്ള ഒരു കുടുംബത്തിന്‌ 333 രൂപയെങ്കിലും പ്രതിദിന ചിലവ് വരാൻ സാധ്യതയുണ്ടോ എന്ന് ഒന്ന് ചിന്തിച്ചുനോക്കുക, ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ചിലവുകൾ മാത്രമല്ല ഇന്ന് മനുഷ്യർക്ക് പഠനം, സാമൂഹ്യ ജീവിതം, ആരോഗ്യ പരിപാലനം, അവിചാരിതമായി ജീവിതം അഭിമുഖീകരിക്കേണ്ടിവരുന്ന അടിയന്തിര അത്യാവശ്യങ്ങൾ എല്ലാം കൂടി ചേർന്നാൽ ഈ തുകകൊണ്ട് ഒരു കുടുംബം വാർദ്ധക്യത്തിൽ മുന്നോട്ട് നീങ്ങണമെങ്കിൽ പ്രതിമാസം 10000 രൂപയെങ്കിലും ഒരു സഹായ പെൻഷൻ ആയി ലഭിക്കേണ്ട അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. കണ്ടില്ലെന്നു നടിക്കാം, ശുദ്ധ അസംബന്ധമെന്ന് പുച്ഛത്തോടെ അടിവരയിടാം, എങ്കിലും തിരക്കൊഴിഞ്ഞു ലഭിക്കുന്ന ഇടവേളയിൽ ഈ കണക്കൊന്നു പരിശോധിക്കണം. അപ്പോൾ മനസ്സിലാകും, സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ മാക്രോ ഇക്കണോമിയിൽ നിന്നും മാറി മൈക്രോ ഇക്കോണമിയിലേക്ക് കൂടി പതിയേണ്ടതിന്റെ പ്രാധാന്യം. അടിസ്ഥാന വികസന ഫണ്ടുകൾ ശരിയായുപയോഗിച്ചാൽ ഈ പെൻഷൻ പദ്ധതിയും നടപ്പിലാക്കാവുന്നേയുള്ളു. ഫണ്ടുകൾ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തേണ്ടത്, പഠിപ്പുള്ളവരുടെ ഉത്തരവാദിത്തമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.