രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി 21, ഞായറാഴ്ച്ച മുതൽ കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 21 മുതൽ മൂന്നാഴ്ച്ചത്തേക്കാണ് നിലവിൽ ഈ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
നാഷണൽ ടാസ്ക് ഫോഴ്‌സിന്റെ നിർദ്ദേശത്തെത്തുടർന്നാണ് ഫെബ്രുവരി 18-ന് ആരോഗ്യ മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
ബഹ്‌റൈനിൽ ഫെബ്രുവരി 21 മുതൽ മൂന്നാഴ്ച്ചത്തേക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ:
- സർക്കാർ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും, ഓഫീസുകളിലും 70 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കും.
- നഴ്‌സറികൾ, പൊതു, സ്വകാര്യ വിദ്യാലയങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്‌കാലികമായി നിർത്തലാക്കും.
- മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റിനു കീഴിലുള്ള പുനരധിവാസ കേന്ദ്രങ്ങളിൽ സന്ദർശകരെ അനുവദിക്കില്ല.
- മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റിനു കീഴിലുള്ള സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നേരിട്ട് വിദ്യാർത്ഥികൾ ഹാജരാകുന്ന പഠനരീതി ഒഴിവാക്കും.
- കെട്ടിടങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്ന ജിം, സ്പോർട്സ് ഹാൾ, സ്വിമ്മിങ്ങ് പൂളുകൾ എന്നിവ താത്കാലികമായി അടച്ചിടാൻ തീരുമാനം. ഈ തീരുമാനം എല്ലാ ഇൻഡോർ വ്യായാമ ക്ലാസ്സുകൾക്കും ബാധകമാണ്.
- ഔട്ഡോറിൽ പ്രവർത്തിക്കുന്ന ജിം, സ്പോർട്സ് ഹാൾ മുതലായവയിൽ പരമാവധി 30 പേർക്ക് പങ്കെടുക്കാം.
- ഭക്ഷണശാലകളിൽ ഔട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ മാത്രം അനുവദിക്കും.
- വീടുകളിലോ, മറ്റു സ്വകാര്യ ഇടങ്ങളിലോ നടത്തുന്ന മുഴുവൻ സാമൂഹിക ചടങ്ങുകളിലും പരമാവധി 30 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി.
അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 22 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് മൂന്ന് തവണയായി COVID-19 PCR പരിശോധനകൾ നിർബന്ധമാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.