ഗ്ലോബൽ വില്ലേജ് സീസൺ 28: വിഐപി പാക്കേജുകളുടെ മുൻ‌കൂർ ബുക്കിംഗ് സെപ്റ്റംബർ 23 മുതൽ ആരംഭിക്കും

featured GCC News

2023 ഒക്ടോബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 23, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 23-ന് രാവിലെ 10 മണിമുതൽ ഈ പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഇവയുടെ നേരിട്ടുള്ള വില്പന 2023 സെപ്റ്റംബർ 30 മുതൽ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിലൂടെ ആരംഭിക്കുന്നതാണ്. വളരെ പരിമിതമായ അളവിൽ മാത്രമാണ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ ലഭ്യമാക്കുന്നത്.

പ്രീ-ബുക്ക് ചെയ്യുന്നവർക്ക്, പൊതുജനങ്ങൾക്കായി വിഐപി പാക്കുകളുടെ വില്പന ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ്, സെപ്റ്റംബർ 29-ന് തന്നെ ഇത്തരം പാക്കേജുകൾ വാങ്ങുന്നതിനുള്ള അവസരം ലഭിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. നാല് വിഐപി പാക്കുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്:

  • സിൽവർ വിഐപി പാക്ക്: നിരക്ക് – 1,750 ദിർഹം.
  • ഗോൾഡ് വിഐപി പാക്ക്: നിരക്ക് – 2,250 ദിർഹം.
  • പ്ലാറ്റിനം വിഐപി പാക്ക്: നിരക്ക് – 2,950 ദിർഹം.
  • ഡയമണ്ട് വിഐപി പാക്ക്: നിരക്ക് – 7,000 ദിർഹം. മുപ്പത് ഡയമണ്ട് വിഐപി പാക്കുകൾ മാത്രമാണ് ലഭ്യമാക്കുന്നത്.

ഈ പാക്കുകളൊന്നിൽ ഒരു സമ്മാനം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും, ഇത് ലഭിക്കുന്ന ഭാഗ്യശാലിക്ക് 28000 ദിർഹം സമ്മാനമായി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. https://globalvillage.ae/en/vip-packs എന്ന വിലാസത്തിൽ നിന്ന് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

സന്ദർശകർക്ക് അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും നൽകുന്ന ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകൾ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിലൂടെ മാത്രമാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. വിഐപി പാർക്കിംഗ് സ്റ്റിക്കറുകൾ, വിഐപി പാർക്കിംഗ് കാർഡുകൾ, വിഐപി എൻട്രി ടിക്കറ്റുകൾ, വിഐപി വണ്ടർ പാസ് കാർഡുകൾ, ഗ്ലോബൽ വില്ലേജിലെ പ്രീമിയം വിനോദപരിപാടികളിലേക്കുള്ള ടിക്കറ്റുകൾ, മറ്റു ആനുകൂല്യങ്ങൾ തുടങ്ങിയവ വിഐപി പാക്കുകളിലൂടെ സന്ദർശകർക്ക് ലഭിക്കുന്നതാണ്.

Cover Image: WAM.