റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയ്ക്ക് വിലകല്പിക്കാതെയുള്ള ഡ്രൈവിംഗ് രീതികൾ എമിറേറ്റിൽ വലിയ ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പോലീസ് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
ഫെബ്രുവരി 19-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചത്. റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഒരു വീഡിയോ ദൃശ്യവും ഈ ബോധവത്കരണ അറിയിപ്പിന്റെ ഭാഗമായി പോലീസ് ട്വിറ്ററിൽ പങ്ക് വെച്ചു.
സുരക്ഷാ കാമറകളിൽ പതിഞ്ഞ ഈ ദൃശ്യത്തിൽ, ഒരു വാഹനത്തിലെ ഡ്രൈവർ റോഡ് നിയമങ്ങൾ ലംഘിക്കുന്നതിനൊപ്പം, റോഡിലെ മറ്റ് വാഹനങ്ങളുടെ സുരക്ഷ അപായപ്പെടുത്തുന്നതും വ്യക്തമാകുന്നതാണ്. റോഡിൽ അടിയന്തിര സ്വഭാവമുള്ള വാഹനങ്ങൾക്ക് മാത്രമായി ഒഴിച്ചിട്ടിട്ടുള്ള വരിയിലൂടെ വാഹനം പിന്നോട്ടെടുക്കുന്നതും, തിരക്കേറിയ റോഡിൽ മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ മൂന്ന് വരികൾ മറികടന്ന് പെട്ടന്ന് വെട്ടിച്ചെടുത്ത് പോകുന്നതും ഈ ദൃശ്യത്തിൽ വ്യക്തമാണ്.
അപകടകരമായ ഡ്രൈവിംഗ് രീതികളും, നിയമലംഘനങ്ങളും ഈ ദൃശ്യത്തിൽ പ്രകടമാണെന്നും, റോഡിൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടത്, എല്ലാവരുടെയും സുരക്ഷയ്ക്ക്, ഓരോ ഡ്രൈവറുടെയും കടമയാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരം അപകടകരമായതും, ശ്രദ്ധയില്ലാത്തതുമായ ഡ്രൈവിംഗ് ശീലങ്ങൾക്ക് എമിറേറ്റിൽ 50000 ദിർഹം വരെ പിഴ ശിക്ഷ ലഭിക്കാവുന്നതാണ്.