ഷാർജ: നിലവിലെ സെമസ്റ്റർ അവസാനിക്കുന്നത് വരെ എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠന രീതി തുടരാൻ തീരുമാനം

featured UAE

എമിറേറ്റിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിലവിലെ സെമസ്റ്റർ അവസാനിക്കുന്ന 2021 മാർച്ച് 25 വരെ 100 ശതമാനം വിദൂര പഠന രീതി തുടരാൻ തീരുമാനിച്ചതായി ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പ് അറിയിച്ചു. എമിറേറ്റിലെ നഴ്സറികൾക്കും ഈ തീരുമാനം ബാധകമാണ്.

ഫെബ്രുവരി 25-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറത്തിറക്കിയത്. വിദ്യാഭ്യാസ മന്ത്രാലയം, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി എന്നിവരുമായി സംയുക്തമായാണ് എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

നേരത്തെ ഫെബ്രുവരി 28 വരെ വിദൂര പഠനരീതി നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിലവിലെ രണ്ടാം സെമസ്റ്റർ അവസാനിക്കുന്ന മാർച്ച് 25 വരെ വിദൂര പഠന രീതി തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

വിദൂര പഠന സമ്പ്രദായം നടപ്പിലാക്കുന്ന കാലയളവിൽ എമിറേറ്റിലെ രോഗ വ്യാപനവും, ആരോഗ്യ സാഹചര്യങ്ങളും അധികൃതർ സമഗ്രമായി വിലയിരുത്തുന്നതാണ്. ഇത് പ്രകാരം വിദ്യാർത്ഥികളുടെയും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ, മറ്റു ജീവനക്കാർ മുതലായവർ വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതുണ്ടോ എന്ന തീരുമാനം വിദ്യാലയ അധികൃതർക്ക് കൈക്കൊള്ളാവുന്നതാണ്. ഇത്തരത്തിൽ വിദ്യാലയങ്ങളിലെത്തുന്ന ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്.