സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ ഓൺലൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഇത്തരം വ്യാജപ്രവർത്തനങ്ങളിലൂടെ നടത്തുന്ന ധനസമാഹരണത്തെക്കുറിച്ചും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. നിലവിലെ COVID-19 മഹാമാരിയുടെ സാഹചര്യം മുതലെടുത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രതപുലർത്താൻ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 27-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വ്യാജമായ വിവരങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന പ്രചാരണ പരിപാടികളിലൂടെ ജനങ്ങളെ കബളിപ്പിച്ച് സംഭാവനകൾ സ്വീകരിക്കുന്ന ഒരു സംഘം സൈബർ കുറ്റവാളികൾ ഓൺലൈനിൽ സജീവമാണെന്ന് ജനങ്ങളെ പോലീസ് ഓർമ്മപ്പെടുത്തി.
യു എ ഇയിൽ ഓൺലൈനിലൂടെയുള്ള ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ധനസമാഹരണ പ്രവർത്തനങ്ങൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. മറിച്ചുള്ള എല്ലാ ഇത്തരം പ്രവർത്തനങ്ങളും നിയമലംഘനമാണെന്നും പോലീസ് കൂട്ടിച്ചേർത്തു. മുൻകൂർ അനുമതി കൂടാതെ ഇത്തരം ധനസമാഹരണ പ്രവർത്തനങ്ങൾക്കായി വെബ്സൈറ്റുകൾ, മറ്റു ഡിജിറ്റൽ മാർഗ്ഗങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് പിടിക്കപ്പെടുന്നവർക്ക് 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.