കുവൈറ്റ്: വാണിജ്യ മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

featured GCC News

പൊതുജനങ്ങളുമായി നേരിട്ടിടപഴകുന്ന രാജ്യത്തെ വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ കുവൈറ്റിൽ ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായുള്ള പ്രത്യേക വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളിൽ നിന്നുള്ള സൂചനകൾ അനുസരിച്ച് ഈ പ്രചാരണ പരിപാടികൾ ഈ മാസം അവസാനമോ, അല്ലെങ്കിൽ ഏപ്രിൽ ആദ്യവാരമോ ആരംഭിക്കുന്നതാണ്. വാണിജ്യ മേഖലയിലെ തൊഴിലാളികൾക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മന്ത്രാലയം പൂർത്തിയാക്കിവരുന്നതായും ഇവർ സൂചിപ്പിച്ചു.

ഈ പദ്ധതിയുടെ കീഴിൽ പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിനിടയാകുന്ന വാണിജ്യ മേഖലയിലെ ജീവനക്കാർക്ക് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മാളുകൾ, ഭക്ഷണശാലകൾ, സലൂണുകൾ, ഹെൽത്ത് ക്ലബ്ബുകൾ, വിനോദകേന്ദ്രങ്ങൾ, വ്യാപാരശാലകൾ തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാർക്കാണ് വാക്സിൻ നൽകുന്നത്.