ഒമാനിലെ രാത്രികാല കർഫ്യു: ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്ക് വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി

featured GCC News

മാർച്ച് 28, ഞായറാഴ്ച്ച രാത്രി 8 മണി മുതൽ ഒമാനിൽ ആരംഭിച്ചിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ, ഗവർണറേറ്റുകൾക്കിടയിലുള്ള യാത്രകൾക്കും, ഒരു ഗവർണറേറ്റിനുള്ളിൽ തന്നെയുള്ള യാത്രകൾക്കും ഉൾപ്പടെ, എല്ലാത്തരം യാത്രകൾക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് 29, തിങ്കളാഴ്ച്ചയാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.

“ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 5 വരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം യാത്രകൾക്കും ഈ വിലക്ക് ബാധകമാണ്. ഒരേ പ്രവിശ്യയുടെ ഉള്ളിലുള്ള ഇടങ്ങളിൽ സഞ്ചരിക്കുന്നതും, ഒരു ഗവർണറേറ്റിൽ നിന്ന് മറ്റൊരു ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നതും ഉൾപ്പടെ എല്ലാ തരം യാത്രകളും വിലക്കിയിട്ടുണ്ട്.”, ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. കർഫ്യു വേളയിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും തെറ്റായ വിവരങ്ങൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

COVID-19 രോഗവ്യാപനം തടയുന്നതിനായി മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെയാണ് സുപ്രീം കമ്മിറ്റി ഒമാനിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. ദിനവും രാത്രി 8 മുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു നിയന്ത്രണങ്ങൾ. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഈ രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ ഒമാനിൽ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, മറ്റു വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം കർഫ്യു വേളയിൽ അടച്ചിടുന്നതാണ്.

കർഫ്യുവിന്റെ ഭാഗമായി തെരുവുകളിൽ പോലീസ് പെട്രോളിംഗ് സജീവമാക്കിയിട്ടുണ്ട്. കർഫ്യു നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ROP വ്യോമ നിരീക്ഷണം ഉൾപ്പടെയുള്ള സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. യാത്രകൾ നിയന്ത്രിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് രാജ്യത്തുടനീളം ചെക്ക്പോയിന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.