ഒമാൻ: വിവാഹ ഹാളുകൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം; ഹോട്ടലുകളിലെ യോഗങ്ങൾ, ആഘോഷപരിപാടികൾ എന്നിവ വിലക്കി

featured GCC News

2021 ജൂൺ 20 മുതൽ രാജ്യത്തെ വിവാഹ ഹാളുകൾ അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് വിവാഹ ഹാളുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ജൂൺ 20-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവാഹ ഹാളുകൾക്ക് പുറമെ, സാമൂഹിക ചടങ്ങുകൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഹാളുകൾക്കും ജൂൺ 20 മുതൽ പ്രവർത്തനവിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതിന് പുറമെ, ജൂൺ 20 മുതൽ ഹോട്ടലുകളിലും മറ്റും നടത്തുന്ന യോഗങ്ങൾ, ആഘോഷപരിപാടികൾ, മറ്റു ഒത്ത് ചേരലുകൾ എന്നിവയ്ക്ക് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിലെ റെസ്റ്ററന്റുകൾ ഒഴികെയുള്ള മുഴുവൻ സേവനങ്ങളും രാത്രികാല ലോക്ക്ഡൌൺ കാലയളവിൽ (ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ) അടച്ചിടുന്നതിനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഹോട്ടലുകളിലെ റെസ്റ്ററന്റുകളിൽ നിന്ന് ഈ കാലയളവിൽ റൂമുകളിലേക്ക് ഭക്ഷണം നൽകുന്ന രീതിയിലാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

രോഗവ്യാപനം രൂക്ഷമായതോടെ ജൂൺ 20 മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 20 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Cover Photo: Oman News Agency.