ഇലക്ട്രിക് വാഹനങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയടങ്ങിയ റോഡുകൾ യാഥാർഥ്യമാകുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ ചാർജ് ചെയ്യാനായി റോഡിനടിയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു 60 മീറ്റർ നീളം വരുന്ന വൈദ്യുതി വിതരണശൃംഖലയാണ് ദുബായിയിലെ സിലിക്കൺ ഒയാസിസിൽ വിജയകരമായി പരീക്ഷിച്ചത്.
ഈ പദ്ധതി പൂർണ്ണമായും നിലവിൽ വരുന്നതോടെ ദുബായിയിലെ നിരത്തിലെ ഇലക്ട്രിക് ബസുകൾക്കും മറ്റു ഇലക്ട്രിക് വാഹനങ്ങൾക്കും റോഡിൽ പാർക്ക്ചെയ്യുന്ന സമയത്തും ഓടിക്കൊണ്ടിരിക്കുമ്പോളും ഇതിലൂടെ സ്വയം ചാർജ്‌ചെയ്യാനുള്ള വൈദ്യുതി ലഭ്യമാകും. ഒരു കാന്തിക മണ്‌ഡലത്തിന്റെ സഹായത്തോടെ ഇലക്ട്രിക്ക് വാഹനങ്ങളെ ചാർജ്‌ജ്‌ചെയ്യാന്നതിനാവശ്യമായ വൈദ്യുതചാർജ്ജ് ഉത്പാദിപ്പിക്കുന്ന ഷേയ്പ്പ്ഡ് മാഗ്നെറ്റിക് ഫീൽഡ് ഇൻ റെസൊണൻസ് (Shaped Magnetic Field in Resonance – SMFIR) എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ പരീക്ഷണം പൂർണ്ണമായും പ്രയോജനത്തിൽ വരുമ്പോൾ നിലവിലെ ഇത്തരം വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാവും.
ഇതിലൂടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള ആളുകളുടെ താത്പര്യം വർദ്ധിപ്പിക്കാനും അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനും സാധിക്കുകയും ചെയ്യും.