വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നമ്പർപ്ലേറ്റ് മറയ്ക്കപ്പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് ഡ്രൈവർമാർക്ക് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ജൂലൈ 12-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നേരത്തെയും അധികൃതർ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.
സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യ പകുതിയിൽ മാത്രം ഇത്തരത്തിൽ 5177 വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ എമിറേറ്റിലുടനീളം ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും അബുദാബിയിൽ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.