രാജ്യത്ത് നിലവിൽ തുടർന്ന് വരുന്ന COVID-19 നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിൽ, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 6 മുതൽ ഏതാനം ഇളവുകൾ അനുവദിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 4-ന് രാത്രിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ ഇളവുകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി 2021 ഓഗസ്റ്റ് 6 മുതൽ ഖത്തറിൽ താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:
- രാജ്യത്തെ പള്ളികളിൽ എല്ലാ പ്രായവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കും. നേരത്തെ 7 വയസിന് താഴെയുളള കുട്ടികളെ പള്ളികളിൽ പ്രവേശിപ്പിച്ചിരുന്നില്ല.
- രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 35 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. നേരത്തെ ഈ പരിധി 30 ആയിരുന്നു.
- മാളുകളിലെ ട്രയൽ റൂമുകൾ തുറക്കാം.
- അനുമതി നേടിയിട്ടുള്ള റെസ്റ്ററന്റുകളിൽ 20 ശതമാനം (നേരത്തെ 15 ശതമാനം ആയിരുന്നു) ഉപഭോക്താക്കൾക്ക് ഇൻഡോറിൽ സേവനങ്ങൾ നൽകാം. വാക്സിനെടുത്ത ഉപഭോക്താക്കൾ, ഇവരോടോപ്പമെത്തുന്ന കുട്ടികൾ എന്നിവർക്ക് മാത്രമാണ് ഈ സേവനം.
- പ്രത്യേക അനുമതി നേടിയ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയിൽ പരമാവധി 50 ശതമാനം പങ്കാളിത്തം അനുവദിക്കും. നേരത്തെ ഈ പരിധി 30 ശതമാനമായിരുന്നു.
- പരമാവധി 20 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഈ പരിധി 15 ആയിരുന്നു.
- ബോട്ടുകളിൽ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണം 20-ൽ നിന്ന് 25-ലേക്ക് ഉയർത്തും.
- ഔട്ട്ഡോറിലെ കായിക മത്സര പരിശീലനങ്ങളിൽ പങ്കെടുക്കാവുന്ന വാക്സിനെടുത്ത അംഗങ്ങളുടെ എണ്ണം മുപ്പതിൽ നിന്ന് മുപ്പത്തഞ്ചാക്കി ഉയർത്തും.
- തൊഴിലിടങ്ങളിലെ പ്രവർത്തനസമയങ്ങളിൽ പരമാവധി 80% ശേഷിയിൽ ശുചീകരണ സേവനങ്ങൾ നൽകാമെന്നത്, 100 ശതമാനത്തിലേക്ക് ഉയർത്തും. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികൾക്കാണ് ഈ അനുമതി.
രാജ്യത്ത് 2021 ജൂലൈ 9 മുതൽ നടപ്പിലാക്കിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് ജൂലൈ 29-ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജൂലൈ 30 മുതൽ നടപ്പിലാക്കാനിരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം താത്കാലികമായി നീട്ടിവെക്കാനും, നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൽ പടിപടിയായി ഒഴിവാക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും, മൂന്നാം ഘട്ടം 2021 ജൂലൈ 9 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://pravasidaily.com/qatar-cabinet-approves-3rd-phase-easing-of-covid-19-restrictions-from-july-9-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
Cover Photo: Qatar MoI.