ഖത്തർ: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടം തുടരാൻ തീരുമാനം

featured GCC News

രാജ്യത്ത് 2021 ജൂലൈ 9 മുതൽ നടപ്പിലാക്കിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ മൂന്നാം ഘട്ടത്തിലെ തീരുമാനങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 29-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജൂലൈ 30 മുതൽ നടപ്പിലാക്കാനിരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം താത്കാലികമായി നീട്ടിവെക്കാനും, നിലവിലെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഓഗസ്റ്റ് മാസത്തിലും തുടരാനും മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ രോഗബാധ സംബന്ധിച്ച് വ്യക്തമായ വിശകലനങ്ങൾക്ക് ശേഷമാണ് പൊതുസമൂഹത്തിന്റെ സുരക്ഷയും, വാണിജ്യ മേഖലയിലെ ഉയർച്ചയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൽ പടിപടിയായി ഒഴിവാക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതലും, രണ്ടാം ഘട്ടം ജൂൺ 18 മുതലും, മൂന്നാം ഘട്ടം 2021 ജൂലൈ 9 മുതലും ഖത്തർ നടപ്പിലാക്കിയിരുന്നു. മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി ഖത്തറിൽ നിലവിൽ നടപ്പിലാക്കിയിട്ടുള്ള തീരുമാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ https://pravasidaily.com/qatar-cabinet-approves-3rd-phase-easing-of-covid-19-restrictions-from-july-9-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.