എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ നൽകിത്തുടങ്ങിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിനെടുക്കാമെന്നും SEHA അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 4-ന് രാത്രിയാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഫൈസർ വാക്സിൻ സാധാരണപോലെ 12 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് നൽകുന്നത് തുടരുന്നതാണ്.
അബുദാബി നിവാസികൾക്കും സന്ദർശകർക്കുമായി, 3-17 വയസുവരെ പ്രായമുള്ള വിഭാഗങ്ങൾക്ക് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലെ COVID-19 വാക്സിനേഷൻ സെന്റർ, അൽ മുഷ്രിഫ് ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, മജ്ലിസ് അൽ മുഷ്രിഫ്, മജ്ലിസ് അൽ മൻഹൽ, മജ്ലിസ് അൽ ബത്തീൻ എന്നിവയിലൂടെ വാക്സിൻ കുത്തിവയ്പ്പുകൾ നൽകുമെന്ന് SEHA അറിയിച്ചിട്ടുണ്ട്.
അതേസമയം, അൽ ഐനിലെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ കുട്ടികൾക്ക് അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ തോവയ്യ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ,മജ്ലിസ് ഫലാജ് ഹസാ, എന്നിവിടങ്ങളിലെ SEHA COVID-19 വാക്സിനേഷൻ സെന്റർ വഴി കുത്തിവയ്പ്പ് നടത്താവുന്നതാണ്. അൽ ദഫ്രയിൽ താമസിക്കുന്നവർക്ക് ഗയതി ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ, മർഫാ ഹോസ്പിറ്റൽ, സില ഹോസ്പിറ്റൽ, ഡെൽമ ഹോസ്പിറ്റൽ, അൽ ദഫ്റ ഫാമിലി മെഡിസിൻ സെന്റർ, അൽ ദഫ്റ അസോസിയേഷൻ ഹാൾ COVID-19 വാക്സിനേഷൻ സെന്റർ എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്, പൊതുജനങ്ങൾക്ക് 800 50 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ https://www.seha.ae/covid-19-landing/ എന്ന വിലാസത്തിൽ നിന്ന് ഈ വാക്സിനേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും പ്രാദേശിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ രാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകിയ സാഹചര്യത്തിലാണ് SEHA ഈ അറിയിപ്പ് നൽകിയത്. എമിറേറ്റിലെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ സിനോഫാം COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) 2021 ഓഗസ്റ്റ് 2-ന് രാത്രി അറിയിച്ചിരുന്നു.
With inputs from WAM.