യു എ ഇ: ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ്

UAE

കൊച്ചിയുൾപ്പടെ ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു. 2021 ഓഗസ്റ്റ് 10 മുതൽ അബുദാബിയിലേക്ക് കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് വിമാനസർവീസുകൾ ആരംഭിക്കുമെന്നും ഇത്തിഹാദ് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 7 മുതൽ ഓഗസ്റ്റ് 9 വരെ കൊച്ചി, ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഇത്തിഹാദ് വിമാനസർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 10 മുതൽ അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ ഇന്നിവിടങ്ങളിൽ നിന്നും ഇത്തിഹാദ് വിമാനസർവീസുകൾ ആരംഭിക്കുന്നതാണ്.

ഇത്തിഹാദ് പുറത്തിറക്കിയ യാത്രാ നിബന്ധനകൾ പ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്:

  • യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ. ഇവർക്ക് യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർ രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ മെഡിക്കൽ ജീവനക്കാർ, യു എ ഇയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ.
  • യു എ ഇ അധികൃതരുടെ അനുവാദമുള്ള മാനുഷിക പരിഗണനയ്ക്ക് അർഹതയുള്ള വാക്സിനെടുത്തവരും, അല്ലാത്തവരുമായ റെസിഡൻസി വിസക്കാർ, യു എ ഇയിൽ ചികിത്സകൾക്കായി പോകുന്നവർ എന്നിവർ.
  • വാക്സിനെടുത്തവരും, അല്ലാത്തവരുമായ യു എ ഇ പൗരന്മാർ, ഗോൾഡൻ, സിൽവർ വിസകളുള്ളവർ, നയതന്ത്ര പ്രതിനിധികൾ.

ഇത്തിഹാദ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് താഴെ പറയുന്ന യാത്രാ നിബന്ധനകൾ ബാധകമാണ്:

  • അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുമതി നേടിയിരിക്കണം.
  • https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വിലാസത്തിലൂടെ ICA-യുടെ മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.
  • യാത്രികർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി, 4 മണിക്കൂറിനിടയിൽ ഒരു COVID-19 റാപിഡ് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് അബുദാബിയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.
  • ഇവർക്ക് അബുദാബിയിലെത്തിയ ശേഷം 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
  • ഈ കാലയളവിൽ ഇവർ കൈകളിൽ ധരിക്കുന്ന ട്രാക്കിങ്ങ് ഉപകരണം നിർബന്ധമായും ധരിക്കേണ്ടതാണ്. ഇത് അബുദാബിയിലെത്തിയ ശേഷം ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതോടെ യാത്രികർക്ക് അധികൃതർ നൽകുന്നതാണ്.
  • ഇവർക്ക് അബുദാബിയിലെത്തിയ ശേഷം നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR പരിശോധന നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനടിക്കറ്റുകൾ https://www.etihad.com/en-in/ എന്ന വെബ്സൈറ്റിലൂടെയോ, ട്രാവൽ ഏജൻസികൾ മുഖേനയോ, ഇത്തിഹാദ് ആപ്പിലൂടെയോ, 1800 1233901 (India), +971 600 555 666 (UAE) എന്നീ നമ്പറുകളിലൂടെയോ ബുക്ക് ചെയ്യമെന്നും അധികൃതർ അറിയിച്ചു.

2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഗസ്റ്റ് 5-ന് രാത്രി അറിയിച്ചിട്ടുണ്ട്.