ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 സെപ്റ്റംബർ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2021 സെപ്റ്റംബർ 1-നാണ് ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ ഒപ്പുവെച്ച ഈ കരാർ പ്രകാരം, 2021 ഓഗസ്റ്റ് 31 വരെയായിരുന്നു വിമാന കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്താൻ അനുമതി നൽകിയിരുന്നത്. ഈ കരാറാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് 2021 സെപ്റ്റംബർ അവസാനം വരെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 സെപ്റ്റംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ തുടരാൻ അധികൃതർ തീരുമാനിച്ചത്.