തങ്ങളുടെ ഉപഭോക്താക്കൾക്ക് രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കുന്നതിന് ഡാറ്റ ചാർജ് ഈടാക്കില്ലെന്ന് മൊബൈൽ സേവനദാതാവായ എത്തിസലാത് വ്യക്തമാക്കി. പ്രത്യേക മൊബൈൽ ഇന്റർനെറ്റ് പാക്കേജുകൾ വാങ്ങുകയോ, പ്രവർത്തനക്ഷമാക്കുകയോ ചെയ്യാത്ത എത്തിസലാത് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും രാജ്യത്തെ പൊതുഇടങ്ങളിൽ Al Hosn ആപ്പ് ഉപയോഗിക്കാനാകുമെന്ന് എത്തിസലാത് അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ നെറ്റ്വർക്കുകളിൽ Al Hosn ആപ്പിനെ വൈറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായും, ഇതിനാൽ എത്തിസലാത് ഉപഭോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അവരുടെ മൊബൈൽ ഇന്റർനെറ്റ് പാക്കേജുകളിൽ നിന്ന് ഡാറ്റ കുറയ്ക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. “Al Hosn ആപ്പിന്റെ ഡാറ്റ ഉപയോഗം തീർത്തും സൗജന്യമായി നൽകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.”, എത്തിസലാത് ചീഫ് കൺസ്യൂമർ ഓഫീസർ ഖാലിദ് എൽഖൗലി അറിയിച്ചു.
“ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും, COVID-19 വ്യാപനം തടയുന്നതിനായി യു എ ഇ സർക്കാർ മുന്നോട്ട് വെക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.”, അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തികൾ തങ്ങൾ വാക്സിനെടുത്തതായി തെളിയിക്കുന്നതിന് Alhosn ആപ്പ് ഉപയോഗിക്കേണ്ടതാണ്. 2021 ഓഗസ്റ്റ് 20 മുതലാണ് ഈ തീരുമാനം നടപ്പിലാക്കിയത്. എമിറേറ്റിലെ പൗരന്മാർ, പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഈ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
WAM