ദുബായ്: പുതിയ സാങ്കേതിക വിദ്യയുമായി രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു

featured UAE

വാഹനം ചാർജ്ജ് ചെയ്യുന്നതിലെ പുതിയ സാങ്കേതിക വിദ്യയുമായി എമിറേറ്റിൽ രണ്ട് ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. വോൾവോ 7900 ഇലക്ട്രിക് ബസുകളാണ് RTA ഈ പരീക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത്.

ഒരു നിശ്ചിത പാതയിലൂടെ ലമാർ സൗത്ത്, കിംഗ് അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ സുഫൗഹ് ട്രാം സ്റ്റേഷൻ എന്നിവയ്ക്കിടയിൽ ഇരു വശത്തേക്കും ഷട്ടിൽ സർവീസ് നടത്തുന്ന രീതിയിലാണ് ഈ ബസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പർച്യൂണിറ്റി ചാർജിങ്ങ് ടെക്‌നോളജി എന്ന ചാർജിങ്ങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ബസുകൾ സുസ്ഥിരവും, പരിസ്ഥി സൗഹാര്‍ദ്ദപരമായതുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടുള്ള RTA നയത്തിന്റെ ഭാഗമാണ്.

Electric Bus Route Source: Dubai Media Office.

ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, വോൾവോ ബസ് കമ്പനി, മെറാസ് റിയൽ എസ്റ്റേറ്റ്, ബസ് ചാർജിങ്ങ് രംഗത്തെ പ്രമുഖരായ ABB ഗ്രൂപ്പ് എന്നിവരുമായി ചേർന്നാണ് RTA ഈ ബസുകളുടെ സർവീസ് നടപ്പിലാക്കുന്നത്. ഓപ്പർച്യൂണിറ്റി ചാർജിങ്ങ് ടെക്‌നോളജി എന്ന ചാർജിങ്ങ് സാങ്കേതികവിദ്യ ദുബായിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. പൂർണ്ണമായും ചാർജ്ജ് ചെയ്ത അവസ്ഥയിൽ ഏതാണ്ട് 200 കിലോമീറ്റർ വരെ സഞ്ചരിക്കാനുതകുന്ന ബാറ്ററിയാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.

Source: Dubai Media Office.

ലമാർ സൗത്തിൽ ഒരുക്കിയിട്ടുള്ള ഒരു പ്രത്യേക ഇലക്ട്രിക് ചാർജർ സംവിധാനത്തിലൂടെ ഈ ബസുകൾ ചാർജ്ജ് ചെയ്യുന്നതാണ്. രാത്രി സമയങ്ങളിൽ ഈ ബസുകൾ അൽ ഖൂസ്‌ ബസ് ഡിപ്പോയിൽ നിർത്തിയിടുന്ന സമയം ചാർജ്ജ് ചെയ്യുന്നതിനായി മറ്റൊരു ഇലക്ട്രിക്ക് ചാർജർ ഉപയോഗിക്കുന്നതാണ്. ഈ ബസുകളുടെ മുകൾത്തട്ടിൽ ഒരുക്കിയിട്ടുള്ള പാന്റോഗ്രാഫ് ചാർജിങ്ങ് സംവിധാനത്തിലെ കോൺടാക്ട് ഉപയോഗിച്ച് കൊണ്ട് ലമാർ സൗത്തിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ഇലക്ട്രിക് ചാർജറിൽ നിന്ന് ബസ് ചാർജ്ജ് ചെയ്യാവുന്നതാണ്. ബസ് രാത്രി നിർത്തിയിടുന്ന സമയം ചാർജ്ജ് ചെയ്യുന്നതിനായി കേബിളുകൾ ഉപയോഗിക്കാവുന്നതാണ്.