2021 നവംബർ 30 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ബസ് സർവീസുകൾ നടത്തുമെന്ന് മൊവാസലാത് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് വിവിധ ഇടങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കുന്നതിനായാണ് ഈ പ്രത്യേക ബസ് സർവീസുകൾ. ടൂർണമെന്റ് നടക്കുന്ന വേളയിൽ കോർണിഷ് ഉൾപ്പടെ വിവിധ ഇടങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ബസ് സർവീസുകൾ സന്ദർശകർക്ക് ഏറെ ഉപകാരപ്പെടുന്നതാണ്.
മെട്രോ ഷട്ടിൽ സർവീസുകൾ, പാർക്ക് ആൻഡ് റൈഡ് ഷട്ടിലുകൾ എന്നിവ സ്റ്റേഡിയങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്. ഇതിന് പുറമെ കോർണിഷ് ഷട്ടിൽ സർവീസ്, B, C റിങ്ങ് റോഡുകളിൽ സഞ്ചരിക്കുന്ന സെൻട്രൽ ദോഹ ലൂപ്പ് സർവീസ് എന്നിവയും മൊവാസലാത് പ്രഖ്യാപിച്ചിട്ടുണ്ട്. COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം ബസുകൾ 75 ശതമാനം ശേഷിയിലാണ് പ്രവർത്തിക്കുന്നത്.
സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ ഷട്ടിൽ സർവീസുകൾ:
- അൽ വക്ര മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ജനൗബ് സ്റ്റേഡിയത്തിലേക്ക്.
- ഫ്രീ സോൺ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ തുമാമ സ്റ്റേഡിയത്തിലേക്ക്.
- ലുസൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ബെത് സ്റ്റേഡിയത്തിലേക്ക്.
സ്റ്റേഡിയങ്ങളിലേക്കുള്ള പാർക്ക് ആൻഡ് റൈഡ് ഷട്ടിൽ സർവീസുകൾ:
- അൽ ബെത് സ്റ്റേഡിയത്തിലേക്കുള്ള P54 സർവീസ്.
- എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്കുള്ള P36, 34 സർവീസുകൾ.
- റാസ് അബു അബൗദ് സ്റ്റേഡിയത്തിലേക്കുള്ള P71, P70 സർവീസുകൾ.
- അൽ ജനൗബ് സ്റ്റേഡിയത്തിലേക്കുള്ള P27 സർവീസ്.