ഖത്തർ: 2022 ഫിഫ അറബ് കപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

Qatar

ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. കത്താറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ് മ്യൂസിയം ഹാളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്.

കത്താറ ഡയറക്ടർ ജനറൽ H.E. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി ഈ സ്റ്റാമ്പുകൾ ഔദ്യോഗികമായി ഉദ്ഘടാനം ചെയ്തു. ഖത്തർ പോസ്റ്റ് ഡയറക്ടർ ഫാലിഹ് മുഹമ്മദ് അൽ നുഐമി, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഖത്തറിൽ വെച്ച് നടക്കുന്ന 2022-ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്റ്റാമ്പുകൾ പുറത്തിറക്കാൻ ഖത്തർ പോസ്റ്റൽ സർവീസസ്‌ കമ്പനിയും ഫിഫയും തമ്മിൽ ഏർപ്പെട്ടിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 2022 ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ മൂന്നാം പതിപ്പ് നിലവിൽ ഖത്തറിൽ നടന്ന് കൊണ്ടിരിക്കുന്ന ‘ഫിഫ അറബ് കപ്പ് ഖത്തർ 2021’ ടൂർണമെന്റിന്റെ സ്മരണയുടെ ഭാഗമായാണ് പുറത്തിറക്കിയിരിക്കുന്നത്.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ പുറത്തിറക്കിയ മൂന്നാം പതിപ്പിലുള്ള ഈ സ്റ്റാമ്പുകൾ ഫിഫ അറബ് കപ്പിൽ പങ്കെടുക്കുന്ന അറബ് രാജ്യങ്ങളുടെ ദേശീയ പതാകകളുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ സ്റ്റാമ്പുകളുടെ 10000 കോപ്പികളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് പുറമെ 2000 ഫസ്റ്റ് ഡേ കവറുകൾ, 2000 പോസ്റ്റ് കാർഡുകൾ, 1000 ഫോൾഡറുകൾ എന്നിവയും ഇതുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.

പതിനാറ് ടീമുകൾ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റ് നവംബർ 30, ചൊവ്വാഴ്ച്ച അൽ ബേത് സ്റ്റേഡിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തിരുന്നു. 2021 ഡിസംബർ 18 വരെ നടക്കുന്ന ഈ ടൂർണമെന്റിലെ ഏതാനം മത്സരങ്ങൾ 2022 ഫിഫ ലോകകപ്പിനായി ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളിൽ വെച്ചാണ് നടക്കുന്നത്.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.

Images: @kataraqatar