അബുദാബി: അഞ്ചാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ആരംഭിച്ചു

featured UAE

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ മേള 2021 ഡിസംബർ 18 വരെയാണ് സംഘടിപ്പിക്കുന്നത്.

യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്. അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കുന്ന ഈ മേളയിൽ തത്സമയം അവതരിപ്പിക്കുന്ന കലാപരിപാടികൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ, സാഹസിക പ്രവർത്തനങ്ങൾ, ഭക്ഷണമേള മുതലായ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Source: WAM. File photo from 2018 Mother of the Nation Festival.

ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന നിരവധി അനുഭാവക്കാഴ്ച്ചകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇൻസ്പയർ സ്പേസ്, ത്രിൽ സോൺ, ഫുഡ് ഹബ്, മ്യൂസിക് അരീന, ഷോപ്പിംഗ് ഡിസ്ട്രിക്റ്റ്, അമ്യൂസ്മെന്റ് പാർക്ക് എന്നിങ്ങനെ ഈ മേളയെ ആറ് പ്രത്യേക മേഖലകളായി തിരിച്ചിട്ടുണ്ട്.

പ്രവർത്തിദിനങ്ങളിൽ വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി വരെയും, വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 2 മണിമുതൽ അർദ്ധരാത്രി വരെയും മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ടിക്കറ്റ് ഉൾപ്പടെയുള്ള വിവരങ്ങൾ https://www.motn.ae/ എന്ന വിലാസത്തിൽ ലഭ്യമാണ്. മേളയിലേക്ക് പ്രവേശിക്കുന്നവർക്ക് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറകിന്റെ പൈതൃകം, നേട്ടങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അടുത്തിടെ ഉദ്‌ഘാടനം ചെയ്തിരുന്നു.

Images: WAM [File photos from 2018 Mother of the Nation Festival.]