2022 ജനുവരി 2 മുതൽ ഒരാഴ്ച്ചത്തേക്ക് രാജ്യത്തെ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പഠനരീതി 2022 ജനുവരി 27 വരെ തുടരാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജനുവരി 5-ന് വൈകീട്ടാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും, കിന്റർഗാർട്ടനുകളിലും 2022 ജനുവരി 27 വരെ ഓൺലൈൻ അധ്യയനം തുടരും. ഈ കാലയളവിൽ രാജ്യത്തെ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് നേരിട്ടെത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.
- അധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവർ ഈ കാലയളവിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതാണ്.
- രാജ്യത്തെ സർക്കാർ സ്കൂളുകളിൽ മുൻനിശ്ചയിച്ച പ്രകാരം ജനുവരി 18 മുതൽ ജനുവരി 27 വരെ ആദ്യ സെമസ്റ്റർ പരീക്ഷകൾ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ട് നടത്തുന്നതാണ്. സ്വകാര്യ വിദ്യാലയങ്ങളിലെ പ്രധാന പരീക്ഷകളും സ്കൂളുകളിൽ നിന്ന് നേരിട്ട് മുൻനിശ്ചയിച്ച സമയക്രമം പാലിച്ച് കൊണ്ട് നടത്തുന്നതാണ്.
- സെക്കണ്ടറി തലത്തിലെ വിദ്യാർത്ഥികൾ, പൊതു വിദ്യാലയങ്ങളിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, സ്വകാര്യ സ്കൂളുകളിലെ പതിനൊന്ന്, പന്ത്രണ്ട് ഗ്രേഡ് വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ആവശ്യമെങ്കിൽ അമ്പത് ശതമാനം വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ പഠനം നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- യൂണിവേഴ്സിറ്റികളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം തുടരും.