എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗം അറിയിച്ചു. 2022 ഫെബ്രുവരി 15-ന് വൈകീട്ടാണ് ഷാർജ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിന്റെ ഭാഗമായി എമിറേറ്റിലെ പൊതു ചടങ്ങുകൾ, പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണ്. ഇത് കൂടാതെ വിവിധ വാണിജ്യ പ്രവർത്തനങ്ങൾ, ടൂറിസം, വിനോദ മേഖലകളിലെ പ്രവർത്തനങ്ങൾ എന്നിവയ്ക്കും, ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾക്കും, പൊതു ഗതാഗത സംവിധാനങ്ങൾക്കും നൂറ് ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കാവുന്നതാണ്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ഷാർജ മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്:
- വാണിജ്യ, വിനോദ, ടൂറിസം മേഖലകളിലും, വാണിജ്യ കേന്ദ്രങ്ങളിലും പരമാവധി ശേഷിയിൽ ഉപഭോക്താക്കളെ അനുവദിക്കും.
- പൊതുഗതാഗത സംവിധാനങ്ങളിൽ പരമാവധി ശേഷിയിൽ ഉപഭോക്താക്കളെ അനുവദിക്കും.
- പള്ളികളിലെത്തുന്നവർക്കിടയിൽ നടപ്പിലാക്കുന്ന സാമൂഹിക അകലം ഒരു മീറ്ററാക്കി ചുരുക്കും.
- വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കും.
രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുന്നതിനുള്ള NCEMA തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷാർജ മീഡിയ ഓഫീസ് ഈ അറിയിപ്പ് നൽകിയത്.