യു എ ഇ: വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് NCEMA

GCC News

COVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരിപാടികളിലും, വാണിജ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 ഫെബ്രുവരി 9-ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിൽ NCEMA-യുടെ ഔദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദഹരിയാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2022 ഫെബ്രുവരി പകുതിയോടെ, യു എ ഇയിലെ വാണിജ്യ, ടൂറിസം, വിനോദ മേഖലകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതും, ഇവയുടെ പ്രവർത്തനം പൂർണ്ണമായ ശേഷിയിൽ അനുവദിക്കുന്നതുമാണെന്ന് NCEMA വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ താഴെ പറയുന്ന ഇളവുകളും NCEMA പ്രഖ്യാപിച്ചിട്ടുണ്ട്:

  • COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ ഏർപ്പെടുത്തുന്ന സാമൂഹിക അകലം ഒരു മീറ്റർ ആക്കി ചുരുക്കുന്നതാണ്.
  • വിവാഹം, ശവസംസ്കാരം, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഉയർത്തുന്നതിന് അനുമതി നൽകി. പരമാവധി അനുവദിക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച തീരുമാനം ഓരോ എമിറേറ്റിലേയും പ്രാദേശിക അധികൃതർ പ്രഖ്യാപിക്കുന്നതാണ്.

രാജ്യത്തെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും, ആവശ്യമായ തീരുമാനങ്ങൾ കൃത്യ സമയങ്ങളിൽ കൈക്കൊള്ളുമെന്നും NCEMA കൂട്ടിച്ചേർത്തു. അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം കൃത്യമായി പിന്തുടരാൻ പൊതുജനങ്ങളോട് NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെന്നും NCEMA വ്യക്തമാക്കി.

WAM