രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ തീരുമാനം തുടരുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 21-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം പറക്കൽ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കും ഈ നിരോധനം ബാധകമാണ്.
പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമല്ലാത്ത ദുഷ്പ്രവണതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എന്നിവർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാനിക്കാൻ വ്യക്തികളോടും സമൂഹത്തോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ജനുവരി 22 മുതലാണ് രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.
ഡ്രോണുകൾ, ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിൽ രാജ്യത്ത് ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തെ ആശ്രയിക്കുന്ന വാണിജ്യപരമോ പരസ്യമോ ആയ പ്രോജക്ടുകൾ, തൊഴിൽ കരാറുകൾ എന്നിവ ഉള്ള സ്ഥാപനങ്ങൾ, ഈ കാലയളവിൽ ഇത്തരം പ്രോജക്റ്റുകളുടെ സമയത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ഇളവുകളും, പ്രത്യേക പെർമിറ്റുകളും എടുക്കുന്നതിന് പെർമിറ്റ് അധികാരികളുമായി ആശയവിനിമയം നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ട് ഈ കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഫെഡറൽ നിയമം 31-ലെ ആർട്ടിക്കിൾ 176 പ്രകാരം നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്ക് ആറ് മാസം വരെ തടവും, ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
WAM