റമദാൻ: ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദേശങ്ങളുമായി ഷാർജ മുനിസിപ്പാലിറ്റി

featured UAE

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ ഭക്ഷണശാലകൾക്ക് ബാധകമാക്കിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 28-നാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, റസ്റ്ററന്റുകൾക്കും, കഫെകൾക്കും റമദാനിൽ തങ്ങളുടെ കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് ദിനവും അസ്ർ നമസ്കാര സമയം മുതൽ ഇഫ്താർ വരെയുള്ള സമയങ്ങളിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കാവുന്നതാണ്.

രാവിലെ മുതൽ അസ്ർ നമസ്കാര സമയം വരെ ഭക്ഷണ വിഭവങ്ങൾ കച്ചവടം ചെയ്യുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ നേടേണ്ടതാണ്.

കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി നൽകിയിട്ടുള്ള മറ്റു നിർദ്ദേശങ്ങൾ:

  • ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നിൽ മണൽ പ്രദേശങ്ങളിൽ ഒഴികെ ഭക്ഷണ സ്റ്റാന്റുകൾ വെക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • ഇത്തരം സ്റ്റാന്റുകളിൽ വായു കടക്കാത്ത രീതിയിൽ ഗ്ലാസ് കാബിനറ്റുകളിൽ ആയിരിക്കണം ഭക്ഷണ വിഭവങ്ങൾ വെക്കേണ്ടത്.
  • ഭക്ഷണ വിഭവങ്ങൾക്കായി സ്റ്റൈൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കേണ്ടതാണ്.
  • ഭക്ഷണ വിഭവങ്ങൾ അലൂമിനിയം ഫോയിൽ, ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അടച്ച് വെക്കേണ്ടതാണ്.
  • ഭക്ഷണ വിഭവങ്ങൾ നൽകുന്നതിന് ഫുഡ് ഗ്രേഡ് പാക്കിങ്ങ് മെറ്റീരിയലുകൾ ഉപയോഗിക്കേണ്ടതാണ്.
  • ആവശ്യമായ ചൂട് നിലനിർത്തുന്ന രീതിയിൽ ഭക്ഷണവിഭവങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങളിൽ തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് അനുമതി.