ഖത്തർ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തൊഴിൽ വകുപ്പ്

featured Qatar

തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 മെയ് 25-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും തൊഴിലെടുക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനായി, ‘2021/ 17’ എന്ന മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായി, 2022 ജൂൺ 1 മുതൽ 2022 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ മന്ത്രാലയം പ്രത്യേക മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതാണ്. ഇതിന്റെ ഭാഗമായി തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് വേനൽ ചൂടിൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി മന്ത്രാലയം പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

2022 ജൂൺ 1 മുതൽ 2022 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതാണ്. ഈ കാലയളവിൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ അനുവദിക്കുന്നതല്ല. വേനൽച്ചൂടിന്റെ കാഠിന്യം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത അടച്ചിട്ട തൊഴിലിടങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.