ദുബായ്: ജൂൺ 26-ന് പന്ത്രണ്ട് സേവനകേന്ദ്രങ്ങളിൽ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

featured GCC News

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർ ഉൾപ്പടെ വിവിധ പാസ്പോർട്ട് സേവനങ്ങൾ ആവശ്യമുള്ള പ്രവാസി ഇന്ത്യക്കാർക്കായി 2022 ജൂൺ 26, ഞായറാഴ്ച പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദുബായിലെയും, നോർത്തേൺ എമിറേറ്റുകളിലെയും 12 BLS സേവനകേന്ദ്രങ്ങളിൽ വെച്ചാണ് ജൂൺ 26-ന് ഈ പാസ്പോർട്ട് സേവന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

https://twitter.com/cgidubai/status/1537751352025174016

ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യപ്രകാരമാണ് പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്കായി ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന നടപടികൾ പാലിച്ച് കൊണ്ട് സേവനങ്ങൾ നേടാവുന്നതാണ്.

വ്യക്തികൾക്ക്, ഈ ക്യാമ്പ് സംഘടിപ്പിക്കുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ (പട്ടിക താഴെ നൽകിയിട്ടുണ്ട്) സേവനത്തിനായി ഓൺലൈനിലൂടെ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് കൊണ്ട് മുൻ‌കൂർ അനുമതി നേടാവുന്നതാണ്. https://blsindiavisa-uae.com/appointmentbls/appointment.php എന്ന വിലാസത്തിലൂടെ ഇത്തരം മുൻ‌കൂർ അനുമതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്.

ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മുൻ‌കൂർ അനുമതി കൂടാതെ (വാക്ക്-ഇൻ) BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തിക്കൊണ്ട് ഇത്തരം സേവനങ്ങൾ നേടാവുന്നതാണ്. മുൻ‌കൂർ അനുമതി കൂടാതെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് വാക്ക്-ഇൻ അനുവദിക്കുന്ന സാഹചര്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്.

മുൻ‌കൂർ അനുമതി കൂടാതെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് വാക്ക്-ഇൻ അനുവദിക്കുന്ന സാഹചര്യങ്ങൾ:

  • തത്ക്കാൽ വ്യവസ്ഥയിൽ സേവനങ്ങൾ നേടുന്നതിനായി എത്തുന്നവർ.
  • ആരോഗ്യ ചികിത്സ, മരണം എന്നിവ മൂലം അടിയന്തിരമായി പാസ്പോർട്ട് പുതുക്കി ലഭിക്കേണ്ടവർ.
  • നവജാതശിശുക്കൾക്കായി സേവനങ്ങൾ നേടുന്നതിനെത്തുന്നവർ.
  • പ്രായമായവർ.
  • എമർജൻസി സർട്ടിഫിക്കറ്റുകൾ, ഔട്പാസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ.

മേല്പറഞ്ഞ വിഭാഗങ്ങൾ തങ്ങളുടെ അടിയന്തിര സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 80046342 എന്ന നമ്പറിൽ കോൺസുലേറ്ററിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

താഴെ പറയുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിലാണ് 2022 ജൂൺ 26, ഞായറാഴ്ച ഈ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്:

  • Al Khaleej Centre, Unit no 118-119, Mezzanine floor, Opposite Al Ain Center, Mankhool Road, Bur Dubai (Passport and Visa Section).
  • Deira City Centre Shop No 13, Ground Floor, Zeenah Building, Same building of Budget Rent a Car, Opposite to Deira City Center P3 Parking, Deira, Dubai.
  • Premium Lounge Centre, 507, Habib Bank AG Zurich Al Jawarah Building, Bank Street, next to ADCB Bank, Bur Dubai.
  • Sharjah HSBC Centre, Office No 11, Mezzanine Floor, Abdul Aziz Majid Building, King Faisal Street, Same Building of HSBC Bank, Sharjah.
  • Indian Association Sharjah, near Mega Mall roundabout, Al Manakh area.
  • KMCC Centre, 201, 2nd floor, Choithrams Dubai Tower, Baniyas Square, Deira, Dubai.
  • Shop No: 14, Al Abdul Lathif Al Zarooni Building , same building of DIB Bank, King Faizal Road, Umm Al Quwain.
  • Behind Specialist Medical Centre, IT Computer Cross, near Sengar Building material Trading, Dahan Road, Ras Al Khaimah.
  • Indian Relief Committee, Next to Indian School RAK, Behind RAK Immigration, Muntazar Road, Nakheel, Ras Al Khaimah.
  • Indian Association Ajman, Shaikh Mohammed bin Rashid Al Maktoum Road, Behind Fazaa Store, Opp. Woodlem Park School, Al Jurf Industrial area – 3, Ajman.
  • Indian Social Club Fujairah, Al Fazil Road, Opp. Hilton Hotel, Fazeel, Fujairah.
  • Indian Social Club Khor Fakkan, behind Indian School, Kabba, Khor Fakkan.

2022 ജൂൺ 26-ന് രാവിലെ 9 മുതൽ വൈകീട്ട് 6 മണിവരെയാണ് ഈ പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് അത്തരം സേവനങ്ങൾ നൽകുന്നതിനായി 2022 മെയ് 22, 29 തീയതികളിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക വാക്ക്-ഇൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.

Cover Image: WAM.