ഒമാൻ: ഓഗസ്റ്റ് 3 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

featured Oman

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 2-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ഓഗസ്റ്റ് 2, 3 തീയതികളിൽ ശക്തമായ മഴപെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

താഴ്‌വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കുത്തിയൊഴുകുന്നതിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം ഇടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, നോർത്ത് ശർഖിയ, അൽ ദാഖിലിയ മേഖലകളിൽ ഓഗസ്റ്റ് 2-ന് രാത്രിയും മഴ തുടരുകയാണ്. ദോഫാർ മരുഭൂമി പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ഓഗസ്റ്റ് 2-ന് രാത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.