സൗദി ദേശീയ ദിനം: യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ സൗദി രാജാവിന് ആശംസകൾ അറിയിച്ചു

GCC News

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് ആശംസകൾ നേർന്നു. സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനും യു എ ഇ നേതാക്കൾ സമാനമായ സന്ദേശങ്ങൾ അയച്ചു.

സൗദി രാജാവിനും, കിരീടാവകാശിക്കും, ജനങ്ങൾക്കും ഈ വേളയിൽ ആശംസകൾ നേരുന്നതായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. സൗദി അറേബ്യ കൂടുതൽ പുരോഗതിയും, അഭിവൃദ്ധിയും നേടാൻ ഇടവരട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ദേശീയ ദിനത്തിന്റെ വേളയിൽ രാജ്യത്തിന് ആശംസകൾ അർപ്പിക്കുന്നതായി H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. സൗദി അറേബ്യയോടും, അവിടുത്തെ ജനങ്ങളോടും യു എ ഇ നിവാസികൾക്ക് തങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്നേഹം ഉള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.

WAM