റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. 2022 ഒക്ടോബർ 12-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉദ്ഘാടനത്തിന്റെ ഭാഗമായി, വിനോദപരിപാടികളും, സർക്കസ് പ്രദർശനങ്ങളും നടത്തുന്ന കനേഡിയൻ കമ്പനിയായ ‘Cirque du Soleil’ അവതരിപ്പിക്കുന്ന പ്രത്യേക കലാപ്രദർശനം ഉണ്ടായിരിക്കുന്നതാണ്.
2022-ലെ റിയാദ് സീസണിന്റെ ഭാഗമായി കൂടുതൽ വിനോദപരിപാടികൾ, വേദികൾ എന്നിവ ഉണ്ടാകുമെന്ന് തുർക്കി അൽ ഷെയ്ഖ് അറിയിച്ചിട്ടുണ്ട്. പുതിയ സീസണിൽ സന്ദർശകരെ കാത്ത് ഏതാനം ആശ്ചര്യസംഭവങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിൽ 15 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ‘ബുലവാർഡ് വേൾഡ്’ എന്ന പ്രത്യേക മേഖല സന്ദർശകർക്കു മുൻപിൽ ലോകത്തെ വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെ അവതരിപ്പിക്കുന്നു.
റിയാദ് സീസൺ 2022-ന്റെ ഔദ്യോഗിക ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തിരുന്നു.
‘ഭാവനകൾക്ക് അതീതം’ എന്ന ആശയത്തിലൂന്നിയാണ് റിയാദ് സീസൺ 2022 ഒരുക്കുന്നത്.
‘റിയാദ് സീസൺ 2021’ 2021 ഒക്ടോബർ 20 മുതൽ 2022 മാർച്ച് 31-വരെയുള്ള കാലയളവിലാണ് നടന്നത്. റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ആകെ പതിനഞ്ച് ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തിരുന്നു. സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ റിയാദ് സീസൺ വലിയ പങ്ക് വഹിച്ചിരുന്നു.