നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂർവ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേളയിലെത്തുന്ന സന്ദർശകർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂര്‍വ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളും, പുസ്തകങ്ങളും നേരിട്ട് കാണാവുന്നതാണ്. ഇതിൽ എ ഡി പതിമൂന്നാം നൂറ്റാണ്ടിലേതുൾപ്പടെയുള്ള ഏതാനം കൈയെഴുത്തുപ്രതികൾ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യമായാണ് പ്രദർശനത്തിന് വെക്കുന്നത്.
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയ്‌റിന്റെ ഭാഗമായി നടക്കുന്ന ഈ പ്രത്യേക പ്രദർശനം അറബ് നാഗരികതയുടെ വളർച്ചയിലും, വികാസത്തിലും വിജ്ഞാനത്തിനുള്ള പ്രധാന പങ്ക് വെളിപ്പെടുത്തുന്നു. ഇറ്റലിയിലെ കാത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ദി സേക്രഡ് ഹാർട്ട്, അംബ്രോസിയൻ ലൈബ്രറി എന്നിവരുമായി സംയുക്തമായാണ് കൈയെഴുത്തുപ്രതികളുടെ ഈ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്.
ഇറ്റലിയാണ് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ലെ മുഖ്യാതിഥി. മേളയിലെ മുഖ്യാതിഥി എന്ന നിലയിൽ ഇറ്റലി 17 സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതാണ്.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ എഴുന്ന് നിൽക്കുന്ന രീതിയിൽ രൂപങ്ങൾ ചിത്രണം ചെയ്തിട്ടുള്ളതും, തങ്കത്തകിട് കൊണ്ട് അരികുകൾ അലങ്കരിച്ചിട്ടുള്ളതുമായ വിശുദ്ധഖുറാനിൽ നിന്നുള്ള താളുകൾ, പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള ‘മിറാക്കിൾസ് ഓഫ് എക്‌സിസ്റ്റൻസ്’ എന്ന വിശ്വവിജ്ഞാന ഗ്രന്ഥത്തിന്റെ കയ്യെഴുത്ത്പ്രതി, ശാസ്ത്രീയമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ, മുഹമ്മദ് നബിയുടെ വംശാവലി ഉൾപ്പെടുത്തിയിട്ടുള്ള വംശവിഷയകമായ അത്യപൂർവമായ കയ്യെഴുത്ത്പ്രതി തുടങ്ങിയവ ഈ പ്രദർശനത്തിൽ നിന്ന് നേരിട്ട് കാണാവുന്നതാണ്.
പതിനാലാം നൂറ്റാണ്ടിലെ ഫൈറൂസാബാദിയുടെ പ്രശസ്ത അറബിക് നിഘണ്ടുവായ അൽ ഖാമൂസ് അൽ മുഹിത്തിന്റെ കയ്യെഴുത്തു പ്രതിയുടെ ഭാഗം, മക്കി ബിൻ അബി താലിബ് അൽ ഖുഐസി രചിച്ച പതിമൂന്നാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു കയ്യെഴുത്ത്പ്രതി, 1753-ൽ ഫ്രാൻകോയിസ് ഒഗിർസ് രചിച്ച ‘ദി ഹിസ്റ്ററി ഓഫ് അറബ്‌സ് അണ്ടർ കാലിഫേറ്റ്സ്’, പുരാതന അറബ് വൈദ്യപരമ്പര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 1667-ലെ ഒരു ശാസ്ത്ര പുസ്തകം, ഗ്രീക്ക് ചരിത്രകാരനായ ഹെരേഡോട്ടസ് രചിച്ച ‘ഹിസ്റ്റോറിക്കൽ ഡീഡ്സ് ഓഫ് ദി ഗ്രീക്സ് ആൻഡ് ബാർബേറിയൻസ് ത്രൂ ദി ലൈഫ് ഓഫ് ഹോമർ’ എന്നിവയും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ പന്ത്രണ്ട് ദിവസം (നവംബർ 13 വരെ) നീണ്ട് നിൽക്കുന്നതാണ്. ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്നതാണ്. ‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.
SIBF-നൊപ്പം സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് പബ്ലിഷേഴ്‌സ് കോൺഫെറെൻസ് 2022 ഒക്ടോബർ 30-ന് ആരംഭിച്ചിട്ടുണ്ട്.
ഒക്ടോബർ 30 മുതൽ നവംബർ 1 വരെ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ സമ്മേളനത്തിൽ പുസ്തകപ്രസാധന മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ, അറബ് ലോകത്തെ ഡിജിറ്റൽ പ്രസാധനത്തിന്റെ ഭാവി, ഓഡിയോ പുസ്തകങ്ങളുടെ ഭാവി വില്പനയിടങ്ങൾ മുതലായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.
WAM