യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി MBRSC

featured GCC News

എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30-ലേക്ക് മാറ്റിയതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 നവംബർ 24-നാണ് MBRSC ഇക്കാര്യം അറിയിച്ചത്.

റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്നാണ് MBRSC നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം റാഷിദ് റോവറിന്റെ വിക്ഷേപണം 2022 നവംബർ 30, ബുധനാഴ്ച യു എ ഇ സമയം ഉച്ചയ്ക്ക് 12.39-ന് ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് നടക്കുന്നതാണ്.

കാലാവസ്ഥാ, സാങ്കേതിക സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് വിക്ഷേപണ തീയതിയിലും, സമയത്തിലും മാറ്റം വരാമെന്ന് MBRSC നേരത്തെ അറിയിച്ചിരുന്നു. ജാപ്പനീസ് കമ്പനിയായ ഐസ്പേസ് നിർമ്മിച്ചിട്ടുള്ള Hakuto-R M1 എന്ന ലൂണാർ ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്.

ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഒരു സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് റാഷിദ് റോവർ വിക്ഷേപിക്കുന്നത്. ഇതിനായുള്ള MBRSC സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ എത്തിയിട്ടുണ്ട്.

ചന്ദ്രോപരിതലത്തിൽ 47.5°N, 44.4°E എന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന അറ്റ്ലസ് ക്രേറ്ററിലാണ് റാഷിദ് റോവർ ഇറങ്ങുന്നതെന്നും MBRSC സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദ് റോവർ 2023 ഏപ്രിലിൽ ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി 2020 നവംബറിൽ MBRSC അറിയിച്ചിരുന്നു. ഈ പര്യവേഷണത്തിന്റെ ഭാഗമായാണ് പൂർണ്ണമായും MBRSC-യിൽ നിർമ്മിച്ചിട്ടുള്ള റാഷിദ് റോവർ എന്ന ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നത്.

റാഷിദ് റോവറിന്റെ അവസാന ഘട്ട പരീക്ഷണം പൂർത്തിയായതായി 2022 ഒക്ടോബർ 12-ന് MBRSC അറിയിച്ചിരുന്നു.