രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2022 ഡിസംബർ 8, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം റിയാദ്, ഖാസിം, നോർത്തേൺ ബോർഡേഴ്സ് റീജിയൻ, ഈസ്റ്റേൺ പ്രൊവിൻസ് മുതലായ മേഖലകളിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.
ഈ ഇടങ്ങളിൽ മഴയെത്തുടർന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്ക, മദീന, അസിർ, ജസാൻ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.