സൗദി അറേബ്യ: ഫെബ്രുവരി 17 വരെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 12-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2023 ഫെബ്രുവരി 13, തിങ്കളാഴ്ച മുതൽ 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതിന് സാധ്യതയുണ്ട്. തബൂക്, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, ഹൈൽ, അൽ ഖാസിം, റിയാദ്, മദീന, ഈസ്റ്റേൺ പ്രൊവിൻസ് മുതലായ മേഖലകളിൽ തിങ്കൾ മുതൽ ഫെബ്രുവരി 15, ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിൽ ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 17 വരെ മണിക്കൂറിൽ അമ്പത്തഞ്ച് കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ കാലയളവിൽ തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ തുടങ്ങിയ മേഖലകളിലും, മദീനയുടെ വടക്കൻ പ്രദേശങ്ങളിലും അന്തരീക്ഷ താപനില പൂജ്യം മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ തുടരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസിന്റെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില നാല് മുതൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ട്.

Cover Image: Saudi Press Agency.