ദുബായ്: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

UAE

റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തുന്നതിന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി. 2023 മാർച്ച് 15-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.

റമദാനിലെ വെള്ളിയാഴ്ചകളിൽ, ദുബായിലെ സർക്കാർ ജീവനക്കാർക്കിടയിൽ 70 ശതമാനം പേർ റിമോട്ട് വർക്കിംഗ് സംവിധാനങ്ങളിലൂടെയും, 30 ശതമാനം പേർ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലുമുള്ള തൊഴിൽ സമ്പ്രദായം നടപ്പിലാക്കുന്നതാണ്.

യൂണിവേഴ്സിറ്റികളിലെയും, പൊതു വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും റമദാനിലെ വെള്ളിയാഴ്ചകളിൽ റിമോട്ട് അധ്യയന സംവിധാനങ്ങളിലൂടെ (വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ ഉള്ളവർക്കൊഴികെ) തങ്ങളുടെ വീടുകളിൽ നിന്ന് പഠനം നിർവഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

റമദാൻ മാസത്തിലെ ദുബായിലെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമം

റമദാൻ മാസത്തിലെ ദുബായിലെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം റമദാനിൽ ദുബായിലെ സർക്കാർ മേഖലയിലെ ഓഫീസുകളുടെ പ്രവർത്തനം താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ടായിരിക്കും:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ.
  • വെള്ളിയാഴ്ച – രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ.