യു എ ഇ: സർക്കാർ മേഖലയിൽ റമദാനിലെ വെള്ളിയാഴ്ചകളിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്തും

featured GCC News

ഈ വർഷത്തെ റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ രാജ്യത്തെ സർക്കാർ മേഖലയിലെ ജീവനക്കാർക്കിടയിൽ എഴുപത് ശതമാനം റിമോട്ട് വർക്കിംഗ് ഏർപ്പെടുത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. 2023 മാർച്ച് 15-ന് വൈകീട്ടാണ് യു എ ഇ ഗവണ്മെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ നിർദ്ദേശ പ്രകാരം, റമദാനിലെ വെള്ളിയാഴ്ചകളിൽ, യു എ ഇയിലെ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കിടയിൽ 70 ശതമാനം പേർ റിമോട്ട് വർക്കിംഗ് സംവിധാനങ്ങളിലൂടെയും, 30 ശതമാനം പേർ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്ന രീതിയിലുമുള്ള തൊഴിൽ സമ്പ്രദായം നടപ്പിലാക്കുന്നതാണ്.

യൂണിവേഴ്സിറ്റികളിലെയും, പൊതു വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്കും റമദാനിലെ വെള്ളിയാഴ്ചകളിൽ റിമോട്ട് അധ്യയന സംവിധാനങ്ങളിലൂടെ (വിദ്യാലയങ്ങളിൽ നേരിട്ടെത്തേണ്ടതായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ ഉള്ളവർക്കൊഴികെ) പഠനം നിർവഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Pixabay.