രാജ്യത്ത് സാമ്പത്തിക തട്ടിപ്പ്, വ്യക്തികളുടെ വിവരങ്ങൾ ചോർത്തൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 26-ന് രാത്രിയാണ് NCSA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വ്യാജ നിക്ഷേപ പദ്ധതികൾ, വിലക്കിഴിവുകൾ, സമ്മാനപദ്ധതികൾ എന്നിവയുടെ രൂപത്തിലുള്ള സന്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ ഈ തട്ടിപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ നടക്കുന്നതെന്ന് NCSA ചൂണ്ടിക്കാട്ടി. ഖത്തറിലെ വിവിധ പൊതു മേഖലാ/ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നും NCSA കൂട്ടിച്ചേർത്തു.
ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും, ഇവയിൽ പറഞ്ഞിട്ടുള്ള വെബ്സൈറ്റുകൾ സന്ദർശിക്കരുതെന്നും NCSA നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിനും, ഇത്തരം വിവരങ്ങൾ വിവിധ തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.